ഞാന്‍ 5 ക്ലാസിലേക്ക് ജയിച്ചത് അന്ന് L .P സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി ടീച്ചറിന്റെ കാരുണ്യം കൊണ്ടായിരുന്നു. അല്ലെങ്കിലും എന്റെ ജീവിതം അങ്ങനെയായിരുന്നു.....എത്ര നല്ല വിദ്യാര്ഥിയായിരുന്നെങ്ങിലും, എത്ര നല്ല ഉദ്ധ്യോഗസ്ഥയായിരുന്നെങ്ങിലും, എത്ര നല്ല മകളായിരുന്നെങ്ങിലും ഒരു ഗുഹയുടെ അകത്തു പെട്ടാല്‍ അതിന്റെ മറുവശത്തെ വെളിച്ചം കാണാന്‍ ആരുടെയെങ്ങിലും കാരുണ്യം വേണമായിരുന്നു. അന്നും ഇന്നും അത് അങ്ങനെതന്നെ തുടരുന്നു. അസുഖമായി ഹോസ്പിറ്റലില്‍ ആയിരുന്നു ഞാന്‍ ;അതുകൊണ്ടുണ്ടായതോ......നാലാം ക്ലാസിലെ പരീക്ഷ എഴുതാന്‍ പറ്റിയില്ല. രണ്ടു മാസം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നു.....5 ക്ലാസ്സ് വേറെ സ്കൂളില്‍ ആണ്. പക്ഷേ പരീക്ഷ എഴുതാതെ....?അച്ഛന് ശ്രീമതി ടീച്ചറെ കണ്ടു. അല്ല.....അമ്മേടെ അച്ഛനാ പോയത്. ഞാന്‍ വല്യച്ചന് എന്നാ വിളിക്കാറ്. ടീച്ചര്‍ക്ക് വേറെ ആരോടും ചോദിക്കാനൊന്നും ഉണ്ടായിരുന്നില്ലത്രേ......TC യും മറ്റു certificates ഉം കൊടുത്തു.....പറ്റ്യാ എന്നോട് ഒന്ന് പോയി ടീച്ചറെ കാണാന്‍ പറഞ്ഞു. പറ്റീല്യ...........എന്താ കാരണം.....ഓര്‍മയില്ല.....എന്തായാലും, ഇന്ന് .....തെറ്റും ശരിയും മനസിലാക്കാന്‍ കഴിയുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ആദ്യത്തെ കുറ്റസമ്മതം അതുതന്നെയാണ്. ഹ്മം....ഒരുപാട് പേരുടെ കരുന്ന്യം ഞാന്‍ പറ്റിയിട്ടുണ്ട്.....ഞാനോ അവഗണന മാത്രം തിരിച്ചു കൊടുത്തു. അമ്മ പറഞ്ഞു.....അല്ല ശകാരിച്ചു... ഒന്ന് പോയി കണായിരുന്നില്ലേ ടീച്ചറെ എന്ന് ചോദിച്ചു.കുറുമ്പ് കട്ടി തിരിഞ്ഞു ഞാന്‍ നടന്നു പോയി. അമ്മക്ക് കൊടുത്തത് അത് തന്നെ..........
ഞാന്‍ അഞ്ചില്‍ ചേര്‍ന്നു. ഇത്തിരി ദൂരം നടന്നു പോണം. ആദ്യത്തെ ദിവസം അച്ഛന് കൂടെ വന്നിരുന്നു. എന്നെ സ്കൂളില്‍ ചേര്‍ത്ത് അച്ഛന് പോയി. പോകും മുന്‍പേ അടുത്ത വീട്ടിലെ രണ്ടു കുട്ടികളെ കാണിച്ചു പറഞ്ഞു "ഇനി നിനക്ക് ഇവരുടെ കൂടെ പോവാലോ...". ഞാന്‍ അവരുടെ കൂടെയായി പിന്നീട് സ്കൂളിലേക്കുള്ള നടത്തം. അധികകാലം നടക്കേണ്ടി വന്നില്ല. വഴികളൊക്കെ ശരിക്കും പഠിച്ചെന്നുറപ്പായപ്പോള് ഞാന്‍ സ്വന്തമായി നടന്നു പോവാന്‍ തുടങ്ങി. അത്രയും കാലം എന്നെ ഒരനുജത്തിയെപ്പോലെ കൊണ്ടുനടന്ന ആ ചേച്ചിമാരെ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. പുതിയ കൂട്ടുകെട്ടുകള്‍ വന്നു....പിന്നെ അവര്‍ക്കൊപ്പമായി.
അന്നെന്നോ ആയിരുന്നു ഞാന്‍ അവനെ ശ്രദ്ധിച്ചത്. എന്നും ക്ലാസ്സില്‍ കാണാം. ഞാന്‍ ശ്രദ്ധിക്കാന്‍ മാത്രം ഒന്നും അവനില്‍ ഇല്ലായിരുന്നിരിക്കണം. പക്ഷെ അന്ന് എന്തിനാ അവനെ ഞാന്‍ ശ്രദ്ധിച്ചത്. ഓ ശരിയാ....ഞാന്‍ ജീവിതത്തില്‍ ആദ്യമായി തോറ്റ ദിവസം. ഞങ്ങളുടെ സ്കൂളിലെ speaker സ്ഥാനത്തേക്ക് മത്സരിച് ഞാന്‍ തോറ്റു. എന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടമല്ലായിരിക്കണം, ഗംഭീരമായി അവര്‍ എന്നെ തോല്പിച്ചു. പക്ഷെ അവന് അന്ന് ജയിച്ചിരുന്നു. ആ വര്‍ഷത്തെ സ്കൂള്‍ ലീഡര്‍. ആദ്യത്തെ തോല്‍വി എന്നെ വല്ലാതെ വിഷമിപ്പിച്ചു എന്ന് അവനു തോന്നിക്കാണണം, പുതിയ സ്കൂള്‍ ലീഡര്‍ക്ക് ക്ലാസ്സ് ടീച്ചര്‍ കൊടുത്ത ഒരു പൊതി chocolates എന്റെ കയ്യില്‍ ഏല്പിച്ച് കണ്ണൊന്നു ചിമ്മിക്കാട്ടി അവന് പോയി. അന്നാണ് ഒരു വഴിപോക്കന് മാത്രമായിരുന്ന നിക്കറിട്ട ചെക്കന് എന്റെ സഹായാത്രികനായത്. അവന് എന്നും അങ്ങനെയായിരുന്നു. പ്രായത്തിനേക്കാള്‍ കൂടുതല്‍ പക്വത കാട്ടും. എല്ലാവരുടേയും പ്രിയപ്പെട്ട കൂട്ടുകാരന്. ടീച്ചര്‍മാരുടെ കണ്ണിലുണ്ണി. അവനിലൂടെ എന്നെയും ആ സ്കൂള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി.
നിക്കറുകാരന് പാന്റ്സ് ഇടാന്‍ തുടങ്ങിയ കാലം. ഞങ്ങള്‍ വീണ്ടും ഒരേ കോളേജില്‍ എത്തി. എട്ടാം ക്ലാസ്സ് മുതല്‍ +2 വരെ ഞങ്ങള്‍ ഒരുമിച്ചല്ലായിരുന്നു. എന്നാലും വിളിക്കുമായിരുന്നു അവന്. ഞാനും....വല്ലപ്പോഴും. കോളേജ്ലേക്ക് പിന്നീടുള്ള എന്റെ യാത്രകള്‍ അവനോടൊപ്പമായിരുന്നു. അവന്റെ സുഹൃത്തായി നടക്കുന്നതില്‍ എല്ലാവര്ക്കും ഉള്ളതുപോലെ എനിക്ക് അഭിമാനം ഉണ്ടായിരുന്നു. അവനെ തേടിയെത്തിയ ഓരോ കണ്ണുകളിലും ബഹുമാനിക്കപ്പെടേണ്ട ഒരു വ്യക്തിയെയാണ് നോക്കുന്നത് എന്ന് തോന്നിക്കതക്കവണ്ണം എന്തോ ഉണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച വിദ്യാര്‍ഥിയായിരുന്നു അവന്. ഭാവിയെക്കുറിച്ചുള്ള ഒരു തികഞ്ഞ ദൃശ്യം അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളായിരുന്നു അവനെ ആ കോളേജില്‍ അത്തരമൊരു സ്ഥാനത്ത് എത്തിച്ചത്. അവനില്‍നിന്നും മറ്റുള്ളവര്‍ക്ക് കിട്ടിയതോ....ഒരു നല്ല കൂട്ടുകാരന്റെ സ്നേഹം. അത് എനിക്കിത്തിരി കൂടുതല്‍ തന്നിരുന്നു. ഇത്തിരിയല്ല.....അളക്കാന്‍ കഴിയാത്തതായിരുന്നു അതെന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. അവന്റെ തണലില്‍ ഞാന്‍ വല്ലാത്തൊരു സുരക്ഷയാണ് അനുഭവിച്ചുപോന്നത്. ഒരു പെണ്ണിനെ അവളുടെ അച്ഛന് സ്നേഹിക്കുന്നപോലെ ആരെങ്കിലും സ്നേഹിച്ചാല്‍ അയാളെ വെറുക്കാന്‍ അവള്‍ക്ക് കഴിയില്ല എന്നത് ശരിയാണ്. അവന്റെ കൂടെ നടന്നു ഞാനും ഒരു പെണ്ണായി മാരിയിരുന്നിരിക്കണം; അവന്റെ സ്നേഹം നിഷേദിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവനോട് മറ്റൊരു രീതിയില്‍ ഇഷ്ടം തോന്നാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങളൊന്നും വേണ്ടല്ലോ....പക്ഷെ ഞാന്‍ പറഞ്ഞില്ല. ഏതൊരു പെണ്ണിനേയും പോലെ ഞാനും അത് മനസ്സില്‍ വച്ചു. ഉള്ളില്‍ അത് വിങ്ങിപ്പോടിയിരുന്നിരിക്കണം, മറ്റു രണ്ടു പേരോടുകൂടെ എനിക്കത് പറയേണ്ടി വന്നു. അതോടെ എന്റെ മനസ്സിലെ പ്രണയിനിയുടെ നിരന്തര ശ്രോദ്ധാക്കളായി അവര്‍. നാളുകള്‍ പോയെങ്ങിലും ഞങ്ങളുടെ ഉള്ളില്‍ മാത്രമായി അത് ഒതുങ്ങിനിന്നു.
അവനും എന്നെ ഇഷ്ടം ആയിരുന്നു എന്ന സത്യം അറിഞ്ഞത് അന്നെന്നോ ആയിരുന്നു. എന്റെ രണ്ടു കൂടുകാരികള്‍ വളരെ വിദഗ്ധമായി അത് അവനില്‍നിന്നും ചൂഴ്ന്നെടുത്തു. അവന്റെ കെട്ടുപാടുകളും, പ്രാരാബ്ധങ്ങളും ഞങ്ങളെ പരസ്പരം അകറ്റി. അതായിരുന്നു സത്യം. അവന് പലതവണ ഒഴിഞ്ഞുമാറി നടന്നു. സുഹൃത്തുക്കള്‍ എല്ലാം അവന്റെ ന്യായീകരനങ്ങള്ക്ക്മുന്നില് നിശബ്ദരായി. അതെ.......ഞാന്‍ തന്നെയാണ് അവനെ നിര്‍ബന്ധിച്ചത്....പലതവണ ഒഴിഞ്ഞു മാറി. ...അങ്ങനെ എന്നോ അവനിലെ സ്നേഹം മാത്രം ആഗ്രഹിക്കുന്ന മനസ്സ് എനിക്കടിമപ്പെട്ടു, എന്റെ സ്വകാര്യ സ്വത്തായി മാറി. അപ്പോഴേക്കും ഞങ്ങള്‍ക്ക് ആ ക്യാമ്പസിനോട് വിടപറയേണ്ടിവന്നു. പിന്നീടുള്ള കാലം എനിക്കുതന്ന വാക്കുപാലിക്കാന്‍ ആ പാവം കഷ്ടപ്പെട്ടു. പണം ഉണ്ടാക്കാനും, എത്രയും പെട്ടന്ന് settle ആവാനും, തന്റെ ആശ്രിതരുടെ കാര്യങ്ങള്‍ കരക്കടുപ്പിക്കാനും അവന് ഓടിനടന്നപ്പോള്‍ അന്ന് പറഞ്ഞ ഭാവിയെകുറിച്ചുള്ള തികഞ്ഞ ദൃശ്യം ഒരു പ്രഭാതത്തില്‍ കണ്ട ഒരു നല്ല സ്വപ്നമായി മറന്നു കാണണം. അതിനിടക്കും അവന് എന്നെ വേണ്ടപോലെ consider ചെയ്തിരുന്നു. ഒരു കാര്യത്തിനും കുറവ് വരുത്തിയിട്ടില്ല. എന്നിട്ടും ഞാന്‍ മറ്റൊരുത്തനെ സ്നേഹിച്ചു. അവന് എനിക്ക് സമ്മാനിച്ച എന്നിലെ പെണ്ണിനെ എനിക്കെവിടെയോ നഷ്ടമായിരുന്നു. അല്ലെങ്കില്‍ രണ്ടുവര്‍ഷക്കാലം മറ്റൊരുത്തനെ മനസ്സില്‍ താലോലിച്ച് ഞാന്‍ അവനെ പറ്റിക്കുമായിരുന്നോ...? ഉന്നത വിദ്യാഭ്യാസവും, പണവും എന്നില്‍ വീണ്ടും നിറച്ച അഹങ്കരവും, അവഗണനാ മനോഭാവവും ആയിരിക്കണം, അവന് എനിക്ക് ചേര്‍ന്ന ആളല്ല എന്ന് എന്നെ പലപ്പോഴും ഓര്‍മിപ്പിച്ചു. ഓര്മിക്കാതിരുന്നതോ......അവന് എനിക്കുതന്ന സ്നേഹവും, എനിക്കായി ഉപേക്ഷിച്ച ഭാവിയും ആയിരുന്നു.
ജീവിതത്തിന്റെ ഭാഹ്യമായ ഭംഗി മാത്രം ആസ്വദിക്കാന്‍ തുടങ്ങിയകാലത്ത് ഞാന്‍ കണ്ടുപിടിച്ച വ്യക്തിയെ കല്യാണം കഴിക്കാന്‍ എനിക്ക് വീട്ടുകരുടെപോലും അനുവാദം വേണ്ടിയിരുന്നില്ല. ജീവിതം തുടങ്ങി കുറച്ചു നാള് കഴിഞ്ഞപ്പോഴായിരുന്നു ദൈവം എനിക്ക് തിരിച്ചറിവ് നല്‍കിയത്. ഹ്മം...ഞാന്‍ ദൈവത്തെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.....ആ മാരക രോഗം എന്റെ ആയുസ്സിന്റെ പുസ്തകത്തില്‍ ഫുള്‍ സ്റ്റോപ്പ് ഇട്ടിരിക്കുന്നു എന്ന സത്യം ഞാന്‍ മനസ്സിലാക്കി. എന്റെ ഭര്‍ത്താവും അത് അറിഞ്ഞു. ഞാന്‍ തന്നെയാണ് പറഞ്ഞത്. ഒരു കാന്‍സര്‍ രോഗിയെ ഇനിയും എന്തിനുതലയില് വക്കണം എന്ന് വിചാരിച്ചുകാണും, അയാള്‍ എന്നെ ഉപേക്ഷിച്ചു പോവാന്‍ അതികകാലം വേണ്ടിവന്നില്ല. വീട്ടുകാരെ അറിയിച്ചില്ല. എന്തിന് എന്നാണ് ചിന്തിച്ചത്. അയാള്‍ എന്നെ ഉപേക്ഷിച്ച നിമിഷം ഞാന്‍ സഞ്ചരിച്ച വഴിയോരങ്ങള്‍ ഒന്ന് ഓര്‍ത്തുകാണണം.....അവഗണിക്കപെട്ട എത്ര മുഖങ്ങള്‍......അവരുടെ വേദന ഞാന്‍ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അവഗണിക്കപ്പെടുന്നവരുടെ വേദന അതിന്റെ കാരണക്കാര്‍ അറിയേണ്ട കാര്യമില്ലല്ലോ.
എങ്ങിനെ ഞാന്‍ ഇവിടെയെത്തി എന്നെനിക്കറിയില്ല. അവനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഒരു പക്ഷെ ഞാന്‍ നരഗിച്ചു മരിക്കുന്നത് അവന്റെ മുന്പിലായിരിക്കണം എന്നത് ദൈവഹിതം ആയിരിക്കണം. ഇല്ല......അവനൊരിക്കലും അതാഗ്രഹിക്കില്ല. അങ്ങനെയായിരുന്നെങ്ങില് ഈ മരണക്കിടക്കയില്‍ കിടന്ന് അവന്റെ സ്നേഹപാത്രം ആവാന്‍ എനിക്ക് കഴിയില്ലായിരുന്നു.
ഇന്നവന് വന്നത് അവന്റെ ഭാര്യയെയും മക്കളെയും കൂട്ടിയാണ്. മക്കള്‍............ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല......അങ്ങനെ ഒരു കാര്യം. അവന്റെ കുട്ടികള്‍ എന്നില്‍ ഒരമ്മയുടെ സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കി തന്നു. ഞാന്‍ തന്നെ വലിച്ചെറിഞ്ഞതാണ്. ഒരു പക്ഷെ വിധിയായിരിക്കും. അല്ലെങ്കില്‍ ഞാന്‍ അവനെ അര്‍ഹിക്കുന്നില്ല..........അവനാണ് ഇന്നെനിക്കു ഭക്ഷണം തന്നത്. അവന്റെ സ്നേഹം എന്നെ വല്ലാതെ വീരപ് മുട്ടിക്കുന്നു. എന്റെ മനസ്സില്‍ ഞാന്‍ അവനോട് ചോദിച്ചു....."നമ്മുടെ യാത്രയില്‍ ഞാന്‍ നിന്നോട് എത്ര ക്രൂരമായാണ് എന്നും പെരുമാറിയത്. ഒരിക്കലും പൊറുക്കാനാവാത്ത എത്ര ചാപവചനങ്ങളാണ് നിന്റെ ഹൃദയത്തിലേക്ക് തൊടുത്തുവിട്ടത്. എന്തേ.... നീയതെല്ലാം മറന്നോ.....? ഇന്നും എന്റെ അരികിലിങ്ങനെ ഇരിക്കാന്‍....?ജീവിതം മരണത്തിലേക്കൊഴുകിയെതുന്ന ഈ അഴിമുഖത്ത് നില്കുമ്പോള്, മരണത്തിന്റെ വേട്ടനായ്ക്കള്‍ എന്റെ ചുറ്റും ഓലിയിട്ടുപായുമ്പോള്, സുഹൃത്തേ എന്നെത്തേടി എത്തുന്ന നിന്റെ ഈറനണിഞ്ഞ കണ്ണുകള്‍.......ഞാന്‍ നിന്നെ വേദനിപ്പിച്ചതിലും എത്രയോ എത്രയോ മടങ്ങയാണ് എന്നിലേക്കുതന്നെ ആഞ്ഞടിക്കുന്നത്....." അതിന്റെ പ്രതിഫലനങ്ങള്‍ എന്റെ കണ്ണീരായി കവിളിലൂടെ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു....മാറ്റങ്ങള്‍ അവസാന കാലത്തിലാണല്ലോ എന്നാ വിഷമം മാത്രം ബാക്കി........